
തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലർ കെ അനിൽകുമാറിന്റെ ആത്മഹത്യ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരേ കയ്യേറ്റ ശ്രമവുമായി ബിജെപി പ്രവർത്തകർ. ഓഫീസിനുള്ളിലാണ് അനിൽകുമാർ തൂങ്ങിമരിച്ചത്. അനിൽകുമാറിന്റെ ആത്മഹത്യാകുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ പാർട്ടി സഹായിച്ചില്ലെന്നും താനും കുടുംബവും ഒറ്റപ്പെട്ടുപോയെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തത്.
പാർട്ടിക്കെതിരെ സംസാരിച്ചു എന്നാരോപിച്ചാണ് ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചത്. റിപ്പോർട്ടർമാരെയും ക്യാമറാമാന്മാരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള കൗൺസിലറുടെ ഓഫീസിൽ നിന്ന് മാധ്യമപ്രവർത്തകരെ സ്റ്റെപ്പുകളിലൂടെ താഴേക്ക് തള്ളിയിറക്കി. ഈ അതിക്രമത്തിൽ മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. ക്യാമറയടക്കമുള്ള ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ പൊലീസ് ഇടപെട്ടു.
സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അനിൽകുമാറിന് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായി. ഈ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കുറ്റവാളിയായി ചിത്രീകരിക്കപ്പെട്ടു. ഈ വലിയ പ്രതിസന്ധിയിൽ ഒറ്റപ്പെട്ടുപോയതോടെ കഴിഞ്ഞ കുറച്ചുനാളുകളായി കടുത്ത മനോവിഷമം അനുഭവിച്ചിരുന്നുവെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും അനിൽ കുമാർ ആത്മഹത്യകുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.









